Kerala
തൊടുപുഴ: കുട്ടിക്കാനത്തിനു സമീപം തട്ടത്തിക്കാനത്ത് കയത്തിൽ വീണ് വിനോദ സഞ്ചാരി മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷ് (45) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. സുഹൃത്തിനൊപ്പം കയത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മഹേഷ് വെള്ളത്തിൽ വീഴുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ സമീപവാസികൾ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി മഹേഷിനെ പുറത്തെടുത്ത് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
അതിനിടെ അപകടം നടന്നയുടനെ മഹേഷിനൊപ്പമുണ്ടായിരുന്ന യുവാവ് വാഹനവുമായി കടന്നു കളഞ്ഞതായി പോലീസിനു വിവരം കിട്ടിയിട്ടുണ്ട്. മഹേഷും സുഹൃത്തും സമീപത്തുള്ള ഒരു ഹോം സ്റ്റേയിലാണ് താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് മരിച്ചയാളുടെ പേര് പോലീസിനു കിട്ടിയത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കടന്നു കളഞ്ഞതിനാൽ മഹേഷിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. നിലവിൽ പീരുമേട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
Kerala
തിരുവനന്തപുരം: ആശാവർക്കർമാർ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘര്ഷം. ബാരിക്കേട് മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
തുടർന്ന് അറസ്റ്റ് ചെയ്തവരെ കൊണ്ടുപോയ പോലീസ് വാഹനം പ്രതിഷേധക്കാർ തടഞ്ഞു. സമരക്കാർക്കുനേരെ പോലീസ് അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പരിഞ്ഞുപോകാൻ അവർ തയാറായില്ല.
മുഖ്യമന്ത്രി പിണറായി വിജയനെ കാണാതെ പിരിഞ്ഞുപോകില്ലെന്നാണ് ആശമാരുടെ നിലപാട്. ഇതിനിടെ സമരക്കാരുടെ മൈക്കും സ്പീക്കറും പോലീസ് എടുത്തുമാറ്റിയതും സംഘർഷത്തിൽ കലാശിച്ചു.
യുഡിഎഫ് സെക്രട്ടറി സി.പി.ജോണിനെയും ആശ സമര നേതാവ് എസ്. മിനി, എം.എ.ബിന്ദു, ഗിരിജ, ജിതിക, മീര എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥയ്ക്കും പരിക്കേറ്റു.
നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് സമരക്കാര് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത ആശാപ്രവര്ത്തകരെ നന്ദാവനം പോലീസ് ക്യാംപിലേക്ക് മാറ്റി.
ഓണാറേറിയം വര്ധിപ്പിക്കുക, വിരമിക്കല് ആനുകൂല്യം നല്കുക, പെന്ഷന് നല്കുക എന്നീ ആവശ്യങ്ങള് ഉന്നയിച്ച് നടത്തുന്ന സമരം എട്ട് മാസം പിന്നിടുമ്പോഴാണ് ആശാ പ്രവര്ത്തകര് മാര്ച്ച് നടത്തിയത്.